2011 ഡിസം 3

ഗുരുനിദാഘോഷ്ണതപ്തമാം ഭൂമിയി
ലുരുകരുണതന്നസാരധാരകള്‍
ചൊരിയുമംബികേ പര്‍ജ്ജന്യ ദേവതേ
സുരുചിരോദാര സന്താനശാഖിയായ്

കരികലപ്പകള്‍ കാളകളൊപ്പമായ്
വരിവരിചാലുകീറി നീങ്ങീടവേ
ധരണിയില്‍ഫുല്ലസസ്യഫലാഢ്യയായ്
ഹരിതരോമാഞ്ചകംബളാഭോഗയായ്

മനുജവിജ്ഞാനസീമാവികാസത്തി
ന്നനുസൃതമായസുലഭസിദ്ധികള്‍
അവികലം ശാസ്ത്രചക്രവാളങ്ങളി
ലവിടവിടെ വിതയ്ക്കുന്നു വിത്തുകള്‍

വിവിധ വിജ്ഞാനബീജോര്‍ജചുംബിത
യവനിവീരപ്രസുവായ് ഭവിക്കുമ്പോള്‍
കടലടിക്കും തരംഗമൃദംഗങ്ങള്‍
അടവി പാടീടും മംഗളമര്‍മ്മരം

വരദവാത്സല്യരൂപിണി, വാനവ
സുരഭിപോല്‍ സര്‍‌വകാമാര്‍‌ഥദായിനി
ധരണിയില്‍ തേനും പാലുമൊഴുക്കി നീ
ശരണമേകു രസാമൃതവര്‍ഷിണി

പുതിയ ദീപം കൊളുത്തുക - നാളത്തില്‍
പുതിയ ജീവന്‍ തുടിയ്ക്കട്ടെ മേല്‍ക്കുമേല്‍
അരിയ സൗഭാഗ്യധാരകള്‍ക്കക്ഷയ
ത്ധരികയാക നീ, കര്‍‌ഷകക്ഷേത്രമേ
- ചെങ്ങാരപ്പള്ളി നാരായണന്‍ പോറ്റി
കൊടിയവേനലില്‍ തപ്തമായ ഭൂമിയില്‍ കരുണയുടെ ആസാരധാര, സൗന്ദര്യവും ഉദാരതയും പാരമ്പര്യമായ വൃക്ഷത്തെപ്പോലെ ചൊരിയുന്ന അമ്മേ, വര്‍ഷ ദേവതേ. 
കലപ്പയേന്തിയ കാളകള്‍ വരിവരിയായി ചാലുകള്‍ കീറി നീങ്ങുമ്പോള്‍ ഭൂമി പുഷ്പ സസ്യ ഫലങ്ങളാല്‍ സമൃദ്ധയായി ഹരിതവര്‍‌ണ്ണ രോമാഞ്ചകംബളത്താല്‍ പൂര്‍‌ണ്ണയാവുന്നു. 
മനുഷ്യന്റെ വിജ്ഞാനത്തിന്റെ അതിര്‍ത്തികള്‍ വികസിക്കുമ്പോള്‍ സുലഭമാവുന്ന സിദ്ധികള്‍ ശാസ്ത്രചക്രവാളങ്ങളില്‍ അവിടവിടെ വികലതയില്ലാതെ വിത്തുകള്‍ വിതയ്ക്കുന്നു. 
വിവിധ വിജ്ഞാനബീജങ്ങളുടെ ഊര്‍ജ്ജചുംബനത്തില്‍ ധരണി വീരന്മാരുടെ മാതാവായി ഭവിക്കുമ്പോള്‍ കടല്‍ത്തിരകള്‍ മൃദംഗനിനാദത്താലും കാനനം ദലമര്‍മ്മരത്താലും മംഗള ധ്വനി മുഴക്കുന്നു. 
ദേവന്മാരുടെ കാമധേനുവെപ്പോലെ വരംനല്‍കുന്ന വാത്സല്യരൂപിണീ എല്ലാകാമങ്ങളെയും ധനവും ന‍ല്‍കുന്നവളേ, ഭൂമിയില്‍ തേനും പാലുമൊഴുക്കി രസാമൃതവര്‍ഷിണിയായ നീ ശരണം നല്‍കൂ. 
പുതിയ ദീപം കൊളുത്തുക - ആ നാളത്തില്‍ പുതിയ ജീവന്‍ എന്നെന്നും തുടിയ്ക്കട്ടെ. അല്ലയോ കര്‍ഷകക്ഷേത്രമേ നീ സൗഭാഗ്യധാരകളുടെ അക്ഷയ പ്രവാഹമായി തീരട്ടെ!

2011 നവം 18

ഉത്തരവു മറികടന്ന് അവധി

ഗവണ്മെന്റ് മാറിയിട്ടും അനധികൃത നടപടി തുടരുന്നു

ഉത്തരവിന്റെ കോപ്പിയ്ക്ക് മുകളില്‍ ഞെക്കൂ
പഴയ വാര്‍ത്ത

സ്വന്തം ലേഖകന്‍ Malayala Manorama Online, Story Dated: Saturday, June 12, 2010 2:32 hrs IST

തൃശൂര്‍: സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ലീവെടുത്തു സ്വാശ്രയ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതു വിലക്കിക്കൊണ്ട് ഈ മാസം ഏഴിനു പുറപ്പെടുവിച്ച ഉത്തരവു മറികടന്നു കാര്‍ഷിക സര്‍വകലാശാലയിലെ റജിസ്ട്രാര്‍ ഇന്‍ ചാര്‍ജായിരുന്ന ജോബി വി. പോളിന് അധികൃതര്‍ അവധി അനുവദിച്ചു. തൃശൂരിലെ രണ്ടു സിപിഐ എംഎല്‍എമാര്‍ ഉള്‍പ്പെടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണു ജോബി പോളിനു ലീവ് അനുവദിക്കാന്‍ തീരുമാനിച്ചത്.

വ്യാഴാഴ്ച ചേര്‍ന്ന കമ്മിറ്റി ഇദ്ദേഹത്തിന് ലീവ് അനുവദിച്ചതിനെതുടര്‍ന്ന് ഇന്നലെ ഇദ്ദേഹം റജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ചുമതലയില്‍നിന്ന് ഒഴിവായി. പത്തനംതിട്ട ജില്ലയിലെ ഒരു സ്വകാര്യ എന്‍ജിനീയറിങ് കോളജിന്റെ പ്രിന്‍സിപ്പലായി ചുമതലയെടുക്കാനാണ് ഇദ്ദേഹം അവധിയെടുത്തിരിക്കുന്നത്. സിപിഐയുടെ മുവാറ്റുപുഴ എംഎല്‍എ ബാബു പോളിന്റെ സഹോദരനാണ് ജോബി പോള്‍.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നു ജീവനക്കാര്‍ ലീവെടുത്തു സ്വാശ്രയ സ്ഥാപനങ്ങളിലേക്കു പോകുന്നതു ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതിനാല്‍ ഇനി മുതല്‍ ഇത്തരം ആവശ്യങ്ങള്‍ക്കു ലീവനുവദിക്കരുതെന്നാണ് ജൂണ്‍ ഏഴിനു പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. സര്‍ക്കാര്‍ ഉത്തരവു കാര്‍ഷിക സര്‍വകലാശാലയില്‍ ഭരണസമിതി എംഎല്‍എമാര്‍ ചേര്‍ന്നു തന്നെയാണു ലംഘിച്ചിരിക്കുന്നത്.
ഇയാളെ എന്തുകൊണ്ട് തിരിച്ചു വിളിക്കുന്നില്ല?